എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റാ ഗ്രൂപ്പിന് കൈമാറി

 

എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എയർ ഇന്ത്യയുടെ നിലവിലെ ബോർഡ് അംഗങ്ങൾ രാജിവെച്ച് ടാറ്റയുടെ പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയത്. 18,000 കോടി രൂപക്കായിരുന്നു കരാർ

എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15,300 കോടി രൂപ ടാറ്റ ഏറ്റെടുത്തു. കൈമാറ്റത്തിന് മുന്നോടിയായി ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.