തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കാശിമേട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്‌കുമാറാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
സ്തുത്യർഹ സേവനത്തിന് നിരവധി തവണ അംഗീകാരങ്ങൾ ലഭിച്ച ഉദ്യോഗസ്ഥനാണ് ഇയാൾ. കഴിഞ്ഞ വർഷമാണ് പെൺകുട്ടിയുടെ അമ്മയുമായി ഇയാൾ പരിചയത്തിലായത്. പിന്നീട് രഹസ്യമായി യുവതിയുടെ വീട്ടിൽ സന്ദർശനം തുടങ്ങി. പിന്നാലെ യുവതിയുടെ മൂത്ത സഹോദരിയുമായും എസ് ഐ ബന്ധം സ്ഥാപിച്ചു.
ഇതിനിടെ അമ്മയുടെയും എസ് ഐയുടെയും അവിഹിത ബന്ധം പെൺകുട്ടി കണ്ടു. എന്നാൽ വിവരം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ഇയാൾ ശ്രമിച്ചു. കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്‌കുമാർ സാമ്പത്തിക സഹായങ്ങളും ചെയ്തു നൽകിയിരുന്നു.
ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ കുട്ടി പിതാവിനോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. പരാതി നൽകാൻ പോയതോടെ പിതാവിനെയും സതീഷ്‌കുമാർ ഭീഷണിപ്പെടുത്തി. തുടർന്ന് ഒരു മാധ്യമത്തിലൂടെയാണ് പിതാവ് വിവരങ്ങൾ പുറത്തുവിട്ടത്.