ആറ്റിങ്ങൽ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായരാണ്(47) അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തിനിരയാകുമ്പോൾ പെൺകുട്ടിക്ക് ഒൻപത് വയസായിരുന്നു പ്രായം.
പെൺകുട്ടിയെ ഇപ്പോൾ ഒരു യുവാവ് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ശ്രീകാന്ത്. മൂന്ന് വർഷം മുൻപ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഈ സമയത്താണ് ശ്രീകാന്ത് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കൗൺസിലിംഗിൽ പെൺകുട്ടി വെളിപ്പെടുത്തിയത്. ഇപ്പോൾ നടന്ന കൗൺസിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. വണ്ടർ ബോയ്സ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.