ന്യൂഡെൽഹി: രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മഹാരാഷ്ട്രയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തല്ക്കാലം ഒരടി പിന്നോട്ടുവച്ചുവന്നേയുള്ളു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നിരാശയില്ല. നിയമം നടപ്പാക്കിയത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഞങ്ങൾ കാർഷിക ഭേദഗതി നിയമം കൊണ്ടുവന്നു. എന്നാൽ സ്വാതന്ത്രം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ നിയമങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ഇക്കാര്യത്തിൽ സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി. എന്നാൽ ഞങ്ങൾ വീണ്ടും മുന്നോട്ട് പോകും, കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്’. -മന്ത്രി പറഞ്ഞു.

 
                         
                         
                         
                         
                         
                        
