ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയര്‍ത്തിയതിന് പിന്നാലെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് എന്‍.സി.ബി. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ഗ്യാനേശ്വര്‍ സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂ. സമീര്‍ വാങ്കഡെ സ്ഥാനത്ത് തുടരുമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഗ്യാനേശ്വര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ്.

എന്‍.സി.ബിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡയറക്ടര്‍ ജനറലിന് മുംബൈ എന്‍.സി.ബി അധികൃതര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്‍.സി.ബിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി സത്യവാങ്മൂലം നല്‍കിയ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ തിങ്കളാഴ്ച മുംബൈ പോലീസ് കമ്മീഷണറുടെ ഓഫിസിലെത്തി. സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കാനാണ് പ്രഭാകര്‍ ഉദ്യോഗസ്ഥരെ കണ്ടത്.

കോടികളുടെ ഇടപാടാണ് ലഹരിക്കേസിന്റെ മറവില്‍ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു പ്രഭാകരിന്റെ ആരോപണം. കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.