വ്യാപാര നിരോധന ഉത്തരവുകള്‍; ഇന്ത്യ ലക്ഷ്യമിടുന്നത് ചൈനയെ

അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുമായുള്ള വ്യാപാര ബന്ധം നിരോധിച്ച് ഇന്ത്യ വ്യാഴാഴ്ച പുറത്തിറക്കിയ മൂന്ന് ഉത്തരവുകള്‍ ചൈനയെ ലക്ഷ്യം വെച്ചെന്ന് സൂചന

പൊതു മേഖലയിലെയും പൊതു സ്വകാര്യ സംരഭങ്ങളിലെയും പദ്ധതികളുമായി ബന്ധപ്പെട്ട അയല്‍ രാജ്യ കമ്പനികളുടെ സേവനങ്ങളും കരാറുകളും മരവിപ്പിക്കുന്ന ഉത്തരവുകളാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷയ്ക്കു നേരെയുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി എടുത്ത തീരുമാനം ചൈനയെ ലക്ഷ്യമിട്ടുള്ളതാണെന്ന് തീരുമാനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയെന്ന് ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവിലൂടെ ചൈനീസ് കമ്പനികളുമായി ഇടപെടുന്നതില്‍ നിന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കും.

നന്നായി ആലോചിച്ചുറപ്പിച്ച നടപടിയാണിത്. ചൈനയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കോ സ്വകാര്യമേഖല പദ്ധതികളിലേക്കോ ധനസഹായം നല്‍കുന്നതില്‍ നിന്ന് എല്ലാ സര്‍ക്കാര്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

‘വ്യാഴാഴ്ചത്തെ തീരുമാനം തീര്‍ച്ചയായും ചൈനീസ് ആക്രമണത്തിനെതിരായ പ്രതികാര നടപടിയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലും ചൈനീസ് ചരക്കുകളും സേവനങ്ങളും വാങ്ങുന്നത് നിര്‍ത്തും. ‘ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ ചൈനീസ് വാണിജ്യ താല്‍പ്പര്യങ്ങളുടെ നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ ഉത്തരവ്.

കോവിഡ് -19 നെതിരെ രാജ്യം പോരാടുന്ന സമയത്ത് ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുക്കുമെന്ന് ഭയന്ന് ഏപ്രിലില്‍ ഇന്ത്യ ചൈനീസ് നിക്ഷേപം ഓട്ടോമാറ്റിക് അംഗീകാര റൂട്ടില്‍ നിന്ന് നീക്കം ചെയ്തു.

ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന ചൈനീസ് ആക്രമണത്തെക്കുറിച്ചും രാജ്യം പ്രതികരിച്ചു. ഇതില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. ദേശീയ സുരക്ഷിതത്വം കണക്കിലെടുത്ത് ജൂണ്‍ 29 ന് സര്‍ക്കാര്‍ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചു.

4 ജി നവീകരണ പദ്ധതിയില്‍ നിന്ന് ചൈനീസ് വിതരണക്കാരെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ഡാറ്റാ ചോര്‍ച്ച ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനിയായ ഹുവാവേയെ ഇതിനകം തന്നെ ചില പാശ്ചാത്യ രാജ്യങ്ങള്‍ നിരോധിച്ചു.

വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, ടെലികോം തുടങ്ങിയ തന്ത്രപരമായ മേഖലകളില്‍ നേരിട്ടോ അല്ലാതെയോ ചൈനീസ് പങ്കാളിത്തം തടയാനുള്ള നിര്‍ദ്ദേശം പുതിയ ഉത്തരവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.