മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; കെ റെയിൽ, ശബരിമല വിമാനത്താവളം എന്നിവ ചർച്ചയാകും

 

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റ് ഓഫീസിൽ വെച്ചാണ് ചർച്ച. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയപാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും

കെ റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോഴാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കെ റെയിലിന് അനുമതി തേടി കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. നിലവിൽ ഡിപിആറിനും സർവേക്കുമാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കലിന് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

അതേസമയം കെ റെയിലിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് തുടരുകയാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. ഇന്നലെ ചോറ്റാനിരക്കരയിൽ കെ റെയിൽ സർവേ കുറ്റികൾ കോൺഗ്രസുകാർ പിഴുതെറിഞ്ഞു.