രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു

 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുപ്പത് വർഷത്തോളം നീണ്ട ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക് പരോൾ ലഭിക്കുന്നത്. അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് സർക്കാർ പരോൾ അനുവദിച്ചത്.

അമ്മയെ പരിചരിക്കാൻ 30 ദിവസത്തെ പരോൾ തേടി നളിനി അപേക്ഷ നൽകുകയായിരുന്നു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. തുടർന്ന് നളിനിയുടെ അമ്മ മുഖ്യമന്ത്രി സ്റ്റാലിന് അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. തുടർന്നാണ് അമ്മ പത്മ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

2016ൽ 24 മണിക്കൂർ നേരം മാത്രം നീണ്ടുനിന്ന പരോൾ നളിനിക്ക് ലഭിച്ചിരുന്നു. പിന്നീട് 2019ൽ മകളുടെ വിവാഹത്തിനായി 51 ദിവസത്തെ പരോൾ ലഭിച്ചു.