ജാമ്യപേക്ഷയെ എതിര്‍ക്കാന്‍ എന്‍സിബി; ആര്യന് ലഹരിമരുന്ന് എത്തിച്ചവരെ അനന്യ പാണ്ഡെയ്ക്കറിയാം

 

:മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ അന്വേഷണം നീളുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് എത്തിച്ചിരുന്നവര്‍ ആരാണെന്ന് നടി അനന്യ പാണ്ഡെക്ക് അറിയാമെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. അനന്യയെ കഴിഞ്ഞ രണ്ടു ദിവസം എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.സി.ബി വെളിപ്പെടുത്തല്‍.

ഇടപാടില്‍ ഒരു പ്രശസ്ത വ്യക്തിയുടെ 24വയസ്സുള്ള വീട്ടുജോലിക്കാരനേയും വെള്ളിയാഴ്ച ചോദ്യം ചെയ്തുവെന്നാണ് സൂചന. അനന്യയ്ക്ക് വേണ്ടി ലഹരിമരുന്നുകള്‍ ആര്യന് എത്തിച്ചുനല്‍കിയത് ഈ ജോലിക്കാരനായിരുന്നു. മുംബൈയിലെ മലാദില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും എന്‍.സി.ബി വ്യക്തമാക്കി. നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തതായി എന്‍.സി.ബി വ്യക്തമാക്കി.

അതിനിടെ, ബോംബെ ഹൈക്കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് എന്‍.സി.ബി വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ആര്യന്റെ ആരോഗ്യകാര്യങ്ങളും വിദ്യാഭ്യാസ രേഖകളും എന്‍.സി.ബി ശേഖരിച്ചുവെന്നാണ് വിവരം.