അതിശക്തമായി തുടരുന്ന മഴയിൽ മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റായ്ഗഢിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 36 ആയി
തലായിൽ 32 പേരും സുതർവാഡിയിൽ നാല് പേരുമാണ് മരിച്ചത്. മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഹാരാഷ്ട്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഉത്തരകന്നഡയിലെ ഹൂബ്ലിയിൽ ആറ് യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തെലങ്കാനയിലെ 16 ജില്ലകളിലെ താഴ്ന്ന പ്രദേങ്ങളിൽ വെള്ളം കയറി. വീട് തകർന്ന് ആസിഫാബാദിൽ മൂന്ന് പേർ മരിച്ചു. ഗോദാവരി നദിയും കരകവിഞ്ഞൊഴുകുകയാണ്. വേദഗംഗ നദി കരകവിഞ്ഞതോടെ ബംഗാളൂരു-പൂനെ ദേശീയപാത തത്കാലത്തേക്ക് അടച്ചു.