കൊവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചതായും മോദി പറഞ്ഞു
ആരോഗ്യമേഖലക്ക് ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു
കൊവിഡ് കാലത്ത് ആരോഗ്യമേഖല കാണിച്ച ഊർജസ്വലതയ്ക്കും കണ്ടെത്തലുകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യൻ നിർമിത വാക്‌സിനുകളുടെ വർധിച്ചുവരുന്ന ആവശ്യകതക്ക് നാം തയ്യാറെടുക്കണം. ഇന്ത്യയെ ലോകം വിശ്വാസത്തിലെടുക്കുന്നുവെന്നും മോദി പറഞ്ഞു