യുപി സർക്കാർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഐടി മന്ത്രാലയം പരിശോധിക്കും. അതേസമയം പ്രിയങ്ക ഗാന്ധി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു.
യോഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോൺ ചോർത്തുന്നതിനൊപ്പം മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു പ്രിയങ്ക ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നത്. യോഗി സർക്കാർ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. നേരത്തെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തന്റെ ഫോൺ യുപി സർക്കാർ ചോർത്തുന്നുവെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.