രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇല്ല

 

രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷൻ വി കെ പോൾ പറയുന്നത്.

കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, രണ്ടുഡോസ് എടുത്തവരിൽ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാൽ തന്നെ ഭൂരിഭാ​ഗം പേർക്കും ​ഗുരുതരമാവില്ലെന്നതും ആശ്വാസകരമാണ്.

അമേരിക്ക ഉൾപ്പടെയുള്ള പല സമ്പന്നരാജ്യങ്ങളും ബൂസ്റ്റർ ഡാേസ് നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് തൽക്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസിനായി വാക്സിൻ വാങ്ങിക്കൂട്ടുന്നത് ദരിദ്ര രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സിൻ കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും അതിനാൽ ബൂസ്റ്റർഡോസ് തൽക്കാലം മരവിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമ്പന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകുന്നത് ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളിലും ഏറെപ്പേർക്ക് ഇനിയും വാക്സിൻ ലഭിച്ചിട്ടില്ല.