ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നടത്തുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനങ്ങൾക്ക് ആദ്യം ഒരു ഡോസ് വാക്സിൻ എങ്കിലും കൊടുത്തിരുന്നുവെങ്കിൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും സിസോദിയ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ രാജ്യത്ത് വാക്സിൻ ലഭിക്കാതെ ജനങ്ങൾ മരണമടയുമ്പോൾ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ വാക്സിൻ വിൽപ്പന നടത്തുക എന്ന ഏറ്റവും മോശം കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
ഇന്ത്യ ഇതിനകം 93 രാജ്യങ്ങൾക്കാണ് കൊവിഡ് വാക്സിൻ നൽകിയിട്ടുള്ളത്. ഇതിൽ 60 ശതമാനവും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടുള്ള രാജ്യങ്ങളാണെന്നും ഒരു മാധ്യമറിപ്പോർട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളിലൊന്നും കൊറോണ വൈറസ് ജീവന് ഭീഷണിയുയർത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാൽ ഇന്ത്യയിലെ നല്ലൊരു ശതമാനം യുവാക്കളാണ് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ വരവോടെ മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. വാക്സിൻ കയറ്റുമതി ചെയ്യാതെ രാജ്യത്തിനകത്ത് തന്നെ വിതരണം ചെയ്തിരുന്നുവെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും മനീഷ് സിസോദിയ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകൾ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്നുവെന്ന് കേന്ദ്രം ഇപ്പോൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മതിയായ ഡോസുകൾ ലഭ്യമാക്കിയാൽ മൂന്ന് മാസത്തിനുള്ളിൽ ദില്ലിയിൽ എല്ലാവർക്കും വാക്സിൻ നൽകാമെന്നും അദ്ദേഹം ആവർത്തിച്ചു.