ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി. ഇന്ന് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്.
‘യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം’-പ്രിയങ്ക പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രിയങ്ക പ്രതികരിച്ചത്. താങ്കൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോയെന്ന് വീണ്ടും ചോദ്യം ഉയർന്നപ്പോൾ എല്ലാവർക്കും തന്റെ മുഖം കാണാൻ കഴിയുന്നില്ലെയെന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസ് 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി വനിതയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു.