യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് പ്രിയങ്കാ ഗാന്ധി; ബിജെപിയെ തകർക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് കോൺഗ്രസ്

 

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ നയിക്കുക എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പരിശീലന ക്ലാസ് ആരംഭിച്ചത് വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്ന് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു വ്യക്തമാക്കി.

പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇതിനോടകം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയായിരിക്കുമോ യു.പിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്നായിരുന്നു ലല്ലുവിന്റെ മറുപടി. ഏതായാലും പ്രിയങ്കയുടെ നേതൃത്വ പാടവത്തെ പുകഴ്ത്തുന്ന ലല്ലു സ്വപ്നം കാണുന്നത് കോൺഗ്രസ് വിജയിക്കുന്ന യു.പി ആണ്.

‘പ്രിയങ്കാജിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങിയത്. അവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസിനെ യു.പിയിലുള്ളവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും ലല്ലു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലല്ലുവിന്റെ വാക്കുകളെ വളരെ ആവേശത്തോടെയാണ് അണികൾ ഏറ്റെടുത്തിരിക്കുന്നത്. ‘പ്രിയങ്കയ്ക്ക് മാത്രമേ യു.പിയെ നയിക്കാൻ കഴിയുകയുള്ളൂവെന്നും ബിജെപിയെ തറപറ്റിക്കാൻ പ്രിയങ്കയേക്കാൾ മികച്ച മറ്റൊരാളില്ലെന്നുമാണ്’ അണികൾ പറയുന്നത്. ഏതായാലും ലല്ലുവിന്റെ വാക്കുകൾ പുറത്തുവന്നതോടെ പ്രവർത്തകർ മനക്കോട്ട കെട്ടിത്തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, സംസ്ഥാനത്തെ സംഘടനകൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപി സർക്കാരിനെ കീഴ്‌പ്പെടുത്താൻ സാധിക്കു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശ് ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊതുപരിപാടികളും സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകളും നടത്തണം എന്നതാണ് സുൽത്താൻപൂർ മുതൽ പ്രയാഗ് രാജ് വരെയുള്ള ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനിടെ പ്രിയങ്ക വ്യക്തമാക്കിയത്.