കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കും

കോവിഡ് 19 ദേശീയ ആരോഗ്യ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

 

കോവിഡ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗവ്യാപനം കുറയ്ക്കുന്നതിനോ പ്ലാസ്മ തെറാപ്പിയിലൂടെ കഴിയുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കോവി‍ഡ് ചികിത്സാ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ നീക്കം ചെയ്യാൻ ആലോചിക്കുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ പറഞ്ഞു. പ്ലാസ്മ തെറാപ്പി പരീക്ഷണം ഏറ്റവും കൂടുതൽ നടന്നത് ഇന്ത്യയിലാണ്. 39 ആശുപത്രികളിലായി 464 കോവിഡ് രോഗികളിൽ പരീക്ഷണം നടത്തി.

 

30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം നടത്തിയിട്ടില്ല. എന്നിരുന്നാലും ഈ മരുന്നുകൾ പ്രതീക്ഷിച്ചിരുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബൽറാം ഭാർഗവ പറഞ്ഞു. അതേസമയം ഇൻഫ്ളുവൻസ വാക്സിൻ കോവിഡ് 19 നെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.