സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നത്. പ്രയാസകരമായ ഘട്ടത്തിൽ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി ആസാദ് പ്രഖ്യാപിച്ചത്
സമൂഹത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാൻ വിരമിച്ച് സാമൂഹിക സേവനത്തിൽ മുഴുകാൻ പോകുന്നതായി കേട്ടാൽ അതുവലിയ സംഭവമായി നിങ്ങൾക്ക് തോന്നണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. നമ്മൾ ഓരോരുത്തരും ഒരു നഗരത്തെയോ പ്രദേശത്തെയോ നവീകരിച്ചാൽ രാജ്യം മൊത്തം നവീകരിക്കപ്പെടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞുു
സമൂഹത്തിലെ ഒട്ടുമിക്ക തിന്മകൾക്കും ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികളാണ്. അവരിലൂടെ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിൽ തനിക്ക് സംശയമുണ്ട്. ആളുകളെ മതത്തിന്റെയും പ്രദേശത്തിന്റെയും ഗ്രാമത്തിന്റെയും നഗരത്തിന്റെയും പേരിൽ നമ്മൾ വിഭജിച്ചു. ഉയർന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലീമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖുകാരനുമാക്കി തരംതിരിച്ചു. ഇങ്ങനെ ആളുകളെ ചുരുക്കിയാൽ ആരെയാണ് മനുഷ്യരായി കാണാനാകുക.
രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കും. പ്രയാസകരമായ സമയങ്ങളിൽ ജനങ്ങളെ നയിക്കുന്നതിൽ പൊതുസമൂഹത്തിന് പങ്കുണ്ട്. നമ്മൾ ആദ്യം മനുഷ്യരാകണം. പിന്നീടാണ് ഹിന്ദുവും മുസ്ലീമും ആകേണ്ടതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.