അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാരം തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ശിലാസ്ഥാപനം നടത്താന്‍ സാധ്യതയുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പള്ളിയോടൊപ്പം ആശുപത്രിയും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്.

മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പ്രതീകമോ മാതൃകയോ നാം എടുത്തിട്ടില്ല. സമകാലികമായ രൂപകല്‍പ്പനയാണ് പള്ളിക്ക്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. പള്ളിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല, അതിന് ഒരു ചക്രവര്‍ത്തിയുടെയോ രാജാവിന്റെയോ പേര് നല്‍കില്ലെന്ന് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് വ്യക്തമാക്കി.

 

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ മസ്ജിദ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫസര്‍ എസ്എം അക്തര്‍ ആണ് മസ്ജിദ് സമുച്ചയത്തിന്റെ ചീഫ് ആര്‍കിടെക്ട്. വൃത്താകൃതിയില്‍ ആയിരിക്കും കെട്ടിടമെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് മസ്ജിദിന്റെ തറക്കല്ലിടല്‍.