സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ നാളെ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷ കക്ഷികള്‍ കടുത്ത വിയോജിപ്പ് വ്യക്തമാക്കുമ്പോഴും ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എട്ടു ബില്ലുകളാണ് ഇതിനിടെ പാസാക്കാന്‍ സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ഇതില്‍ ചിലതെല്ലാം ലോക്‌സഭ പാസാക്കിയവയാണ്. ബാക്കിയുള്ള ബില്ലുകളില്‍ ഏറ്റവും പ്രധാനമായത് സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള ബില്ലും ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ രേഖയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ലുമാണ്.
പ്രതിപക്ഷ കക്ഷികള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇനിയും പൂര്‍ണമായി ലഭ്യമല്ലെങ്കിലും ഹിന്ദു മാര്യേജ് ആക്ട്, സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, മുസ്‌ലിം പേഴ്‌സണല്‍ ലോ പ്രകാരമുള്ള വിവാഹ പ്രായം സംബന്ധിച്ച നിലവിലെ നിഷ്‌കര്‍ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ മതങ്ങളും വിവാഹവും സംബന്ധിച്ച വിഷയത്തില്‍ സമഗ്രമായ മാറ്റങ്ങളാകും നിര്‍ദ്ദേശിക്കുക എന്നാണ് വിലയിരുത്തല്‍.
ഏകീകൃത സിവില്‍ കോഡ് എന്ന മോഡി സര്‍ക്കാരിന്റെ തീരുമാനം പിന്നാമ്പുറത്തു കൂടെ നടപ്പാക്കാനാണ് വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിലവില്‍ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത് കണക്കിലെടുത്താല്‍ നടപ്പു സമ്മേളനത്തിന്റെ ബാക്കിയുള്ള നാലു ദിനങ്ങള്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിന്റെ പാരമ്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.