ജനകീയ പ്രതിരോധത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുകുത്തി എന്നതാണ് യാഥാർഥ്യം: കെ സി വേണുഗോപാൽ

 

ജനകീയ കർഷക പ്രതിരോധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടു മടക്കേണ്ടി വന്നുവെന്നതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗത്യന്തരമില്ലാതായപ്പോൾ ഒരു കൊല്ലമായി കർഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങൾ കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വന്നതാണ്. ഇപ്പോഴെങ്കിലും സമരത്തിന് മുന്നിൽ മുട്ടുമടക്കി നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.

രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവർക്കും അറിയുന്നതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് അനുകൂലമാകില്ല. സമരത്തിനിടെ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. കേന്ദ്രസർക്കാരിന്റെ നിലപാട് നിരവധി പേരുടെ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാക്കി. ഒരു കാര്യവുമില്ലാതെ കർഷകരെ വെല്ലുവിളിച്ചു കൊണ്ടുണ്ടാക്കിയ നിയമം മൂലം ഒരു വർഷത്തിലധികമായി കർഷകർ തെരുവിലാണ്

നിരവധി കർഷകർ സമരത്തിനിടെ മരിച്ചുവീണു. പാർലമെന്റിന്റെ ഒരു സമ്മേളനം മുഴുവൻ അലങ്കോലപ്പെട്ടത് ഈ സമരത്തിന്റെ ഭാഗമായാണ്. അംഗങ്ങളെ സസ്‌പെൻഡ് ചെയ്താണ് സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചത്. കൃഷിക്കാർക്കൊപ്പം നിൽക്കുകയെന്നതാണ് കോൺഗ്രസിന്റെ നിലപാട്. അതിനിയും തുടരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.