ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുകുത്തി. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
ഗുരു നാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. കർഷകരുടെ പ്രതിസന്ധി മനസ്സിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നൽകുന്നത്. ഉത്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്രസർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമിതിയിൽ പ്രാതിനിധ്യമുണ്ടാകും.
ഒരു വർഷം നീണ്ടുനിന്ന കർഷക പോരാട്ടങ്ങളാണ് വിജയത്തിലേക്ക് എത്തിയത്. ആദ്യഘട്ടത്തിലെല്ലാം കർഷകരെ പരിഹസിച്ച മോദി ഭരണകൂടം ഒടുവിൽ കീഴടങ്ങുകയായിരുന്നു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.