പരാജയഭീതിയെ തുടർന്നാണ് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതെന്ന് സിപിഎം

 

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചത് കർഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി-ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സർക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനം ഭീരുത്വത്തിൽ നിന്നുണ്ടായതാണ്. അല്ലാതെ കർഷകരുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു

കർഷകർ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ഖലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിൽ പോലീസ് അതിക്രമത്തിൽ കർഷകർ കൊല്ലപ്പെട്ടു. ലഖിംപൂരിൽ വാഹനമിടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തി.

സമര കേന്ദ്രങ്ങളിലും ആയിരത്തോളം കർഷകർ കൊല്ലപ്പെട്ടു. കടുത്ത പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടാണ് സമരങ്ങൾ തുടർന്നുവന്നത്. ഒരു വർഷത്തിനിടയിൽ ഒരു തവണ പോലും കർഷക സംഘടനാ പ്രതിനിധികളോട് സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

കേരളം തമിഴ്‌നാട്, ബംഗാൾ, അസം തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയേറ്റു. യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് ഈ ഒളിച്ചോട്ടമെന്നും എളമരം കരീം പറഞ്ഞു