നവമി അവധി ദിനങ്ങളിൽ പ്രത്യേക കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവീസുകൾ

മഹാനവമശി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർവീസിലെ ബസ്സുകൾ ഇതിനായി ഉപയോഗപ്പെടുത്തും. ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തിൽ നിന്ന് കൊല്ലൂർ – മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെതിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സർവ്വീസുകൾ ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഒക്ടോബർ 21 മുതൽ നവംബർ മൂന്ന് വരെയാണ് സർവ്വീസുകൾ.

 

സർവ്വീസുകൾ 10% അധിക ഫ്ളെക്സി നിരക്കുൾപ്പെടെ എൻഡ് ടു എൻഡ്യാത്രാ നിരക്കിലാണ് ഓൺലൈനിൽ ലഭ്യമാവുക. കേരള, കർണ്ണാടക, തമിഴ്‌നാട് സർക്കാരുകൾ തീരുമാനിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള യാത്ര പാസ്സ് യാത്രാവേളയിൽ ഹാജരാക്കിയാൽ മാത്രമേ യാത്രാ അനുമതി ലഭ്യമാകൂ. കർണ്ണാടകയിലേയ്ക്കുള്ള യാത്രക്കാർ കർണ്ണാടക സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സേവ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. യാത്രക്കാർ തീരെ കുറവുള്ള പക്ഷം ഏതെങ്കിലും സർവ്വീസ് ഒഴിവാക്കേണ്ടി വന്നാൽ യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ച് നൽകും.

യാത്രാ ദിവസം കേരള, കർണ്ണാടക, തമിഴ്‌നാട് സർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും യാത്രക്കാർ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവർക്ക് ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്ത് നൽകില്ല.

യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. യാതക്കാർ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ആരോഗ്യ സേതു ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. സർവ്വീസുകൾക്ക് കേരള, തമിഴ്‌നാട്, കർണാടക സർക്കാരുകൾ യാത്രാനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് ബുക്ക് ചെയ്ത മുഴുവൻ തുകയും റീഫണ്ട് ചെയ്ത് നൽകും.