ഉന്നാവിലെ ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണം; അന്വേഷണത്തിന് ആറ് സംഘങ്ങളെ നിയോഗിച്ചു

ഉത്തർപ്രദേശ് ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിച്ചു. പ്രഥമദൃഷ്ട്യ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവോ എസ് പി ആനന്ദ് കുൽക്കർണി പറഞ്ഞു

പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് 16, 13, 17 വയസ്സുള്ള കുട്ടികൾ ഗോതമ്പ് പാടത്തേക്ക് പശുവിന് പുല്ല് പറിയ്ക്കാനായി പോയത്. കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോഴാണ് മൂന്ന് പേരും ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തു

മൂന്നാമത്തെ പെൺകുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കുട്ടി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.