മുംബൈ: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം. പാല്‍ഘര്‍ ജില്ലയിലെ വിശാല്‍ ഫയര്‍ വര്‍ക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയോടെ പടക്ക നിര്‍മ്മാണ ശാലയില്‍ തീ ഉയരുകയും ഇതിന് പിന്നാലെ വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടാകുകയുമായിരുന്നു. കിലോ മീറ്ററുകള്‍ക്ക് അപ്പുറമുള്ള പ്രദേശങ്ങളിലേയ്ക്ക് വരെ സ്‌ഫോടനത്തിന്റെ ശബ്ദം പ്രതിഫലിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌ഫോടനത്തിന് പിന്നാലെ അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.
പടക്ക നിര്‍മ്മാണ ശാലയില്‍ നടന്ന വെല്‍ഡിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ പടക്ക നിര്‍മ്മാണ ശാലയ്ക്കുള്ളില്‍ നൂറോളം തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് സൂചന. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടില്ല.