ഹിംഗോളി: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജ്യോതി ഗാവ്‌ലി എന്ന മുപ്പത്തെട്ടുകാരിയായ ലേബർ റൂം നഴ്‌സ് (labour room nurse) ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ എടുത്തിട്ടുള്ളത് അയ്യായിരത്തിൽ പരം പ്രസവങ്ങളാണ്. അയ്യായിരത്തിലധികം കുഞ്ഞുങ്ങളെ ആദ്യമായി കയ്യിലെടുത്ത് അവരുടെ അമ്മമാരെ ഏല്പിച്ച് ചാരിതാർഥ്യമടഞ്ഞിട്ടുള്ള അതേ വയറ്റാട്ടി(midwife), കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകളെത്തുടർന്ന്(complications from delivery) മരണമടഞ്ഞു. നവംബർ രണ്ടാം തീയതിയാണ് ജ്യോതി, താൻ ജോലി ചെയ്തിരുന്ന ഹിംഗോളി സിവിൽ ആശുപത്രിയിൽ വെച്ച് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തെ തുടർന്ന് ബാധിച്ച ബൈലാറ്ററൽ ന്യൂമോണിയ(Bilateral Pneumonia)യാണ് ഈ അമ്മയുടെ ജീവനെടുത്തത്. ന്യൂമോണിയ തീവ്രമായതോടെ ജ്യോതിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ വേണ്ടി നന്ദേഡിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും അവർ മരണത്തെ അതിജീവിച്ചില്ല.
പൂർണ ഗർഭിണിയായിരുന്നിട്ടും, ഒരു ദിവസം പോലും ലീവെടുക്കാതെ, തന്റെ നിറവയറുംവെച്ച് അവസാന ദിവസം വരെയും ജ്യോതി ഡ്യൂട്ടിക്ക് ഹാജരായിരുന്നു എന്നും ആശുപത്രിമേധാവി ഡോ.ഗോപാൽ കദം പിടിഐയോട് പറഞ്ഞു. പ്രസവശേഷം പരമാവധി ദിവസം തന്റെ ശിശുവിന്റെ പരിചരണത്തിന് വേണ്ടി ചെലവിടാമെന്നുകരുതി തന്റെ അവധിദിനങ്ങൾ സ്വരുക്കൂട്ടി വെച്ച ജ്യോതിക്ക് കൊതിതീരുവോളം തന്റെ കുഞ്ഞിന്റെ മുഖം പോലും കാണാനുള്ള വിധിയുണ്ടായില്ല എന്നും സഹപ്രവർത്തകർ കണ്ണീരോടെ ഓർത്തെടുക്കുന്നു.