ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്രം

 

ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പുതിയ ഐടി ചട്ടം പാലിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. സാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് ട്വിറ്റർ അംഗീകരിച്ചിരുന്നില്ല

ട്വിറ്ററിനെതിരെ യുപിയിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്ലീം വൃദ്ധൻ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ പരാതി നൽകിയിരുന്നത്.

ആറ് പേർ ചേർന്ന് ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചെന്നും വന്ദേമാതരം, ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ നിർബന്ധിച്ചുമെന്നും വൃദ്ധൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ട്വിറ്ററിൽ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാൻ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുപിയിൽ കേസ് ഫയൽ ചെയ്തത്.

ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്ത്തി സമുദായ വികാരത്തെ വ്രണപ്പെടുത്തിയതിനാണ് യുപി പോലീസ് കേസെടുത്തത്. ട്വിറ്ററിന് ഇന്ത്യയിൽ നിയമപരിരക്ഷ ഇല്ലാത്തതിനാൽ പ്രചരിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്ന് സർക്കാർ പറയുന്നു.