ന്യൂഡല്‍ഹി: പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിന് കുത്തിവെപ്പ് എടുത്തവര്‍ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനെടുത്തവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ച് വൈറസ് മ്യൂട്ടേഷൻ സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നത്.
”കൂടുതല്‍ ഡാറ്റ ലഭിക്കുന്നത് വരെ ജാഗ്രത പാലിക്കല്‍ തുടരേണ്ടതുണ്ട് എന്നാണ് കരുതുന്നത്. വൈറസ് അതിബുദ്ധിമാനാണ്, അതിന് പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളില്‍ നിന്ന് വാക്സിന് എത്രത്തോളം സംരക്ഷണം നല്‍കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനാകില്ല. മാസ്ക് ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസിെന്റ ഏത് വകഭേദമായാലും അവ രണ്ടും പാലിച്ചാല്‍ സംരക്ഷണം ലഭിക്കും”. -ഡോ. ഗുലേറിയ പറഞ്ഞു.