സിൽവർ ലൈൻ: ഡിപിആറിനുള്ള അനുമതിയാണ് നൽകിയത്, ഭൂമി ഏറ്റെടുക്കാനാകില്ല: റെയിൽവേ മന്ത്രി

 

സിൽവർ ലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡിപിആർ തയ്യാറാക്കാനാണ് നിലവിൽ അനുമതിയുള്ളത്. ഡിപിആർ തയ്യാറാക്കാൻ അനുമതി നൽകുകയെന്നത് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള അനുമതിയല്ല. പദ്ധതിയുമായി ആശങ്കയുണ്ടെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു

പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ ശ്രീധരൻ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കയും പരിഗണിക്കും. പാരിസ്ഥിതികമായ ആശങ്കകളും മുഖവിലക്കെടുക്കും. അതിന് ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കൂ

ലോക്‌സഭയിൽ കെ റെയിലിനെ ചൊല്ലി കോൺഗ്രസ്, സിപിഎം എംപിമാർ ഏറ്റുമുട്ടി. യുഡിഎഫ് അംഗങ്ങൾ പദ്ധതിയെ എതിർത്ത് സംസാരിച്ചപ്പോൾ അനുകൂലിച്ച് സംസാരിക്കാൻ ആരിഫ് എംപി രംഗത്തുവന്നു. പദ്ധതി ആദ്യം കേന്ദ്ര റെയിൽവേയുടെ ഭാഗമായിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വികസനവിരുദ്ധ നടപടി സ്വീകരിക്കുകയാണെന്നും ആരിഫ് ആരോപിച്ചു.