സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ: കത്തിനശിച്ച് നൂറുകണക്കിന് ഹെക്ടർ വനഭൂമി

 

സൈലന്റ് വാലി ബഫർ സോണിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. വനംവകുപ്പ് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടോപ്പാടം പൊതുവപ്പാടം-മേക്കാളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്.

ജനവാസ കേന്ദ്രങ്ങളുടെ അടുത്ത് വരെ തീ പടർന്നിരുന്നു. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾവനത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ ദിവസങ്ങളെടുക്കേണ്ടി വന്നു. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നീട് സൈലന്റ് വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും തീയെത്തി.

ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ചതോടൊപ്പം വൻതോതിൽ വനവിഭവങ്ങളും നശിച്ചിട്ടുണ്ട്. 40അംഗ സംഘമാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങളുമായി മൂന്ന് ദിവസം സജീവമായി ഉണ്ടായിരുന്നത്. തീ പൂർണമായും ഉടൻ കെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്‌