സംപ്രേഷണ വിലക്ക്: മീഡിയ വൺ ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യം

 

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണ്ണിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും. സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചത്

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദവെ എന്നിവരാണ് മീഡിയ വണ്ണിന് വേണ്ടി ഹാജരാകുന്നത്. മാർച്ച് രണ്ടിനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കേന്ദ്രസർക്കാർ നടപടി ശരിവെച്ചത്. അന്ന് തന്നെ ചാനൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും ഉത്തരവ് ശരിവെക്കുകയായിരുന്നു.