ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി

 

ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് ആകസ്മികമായിട്ടാണെന്ന് രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മിസൈൽ യൂണിറ്റിന്റെ പതിവ് അറ്റുകുറ്റ പണികൾക്കും പരിശോധനക്കുമിടെയുണ്ടായ സാങ്കേതിക തകരാറാണ് ഖേദകരമായ സംഭവത്തിന് കാരണമായതെന്ന് മന്ത്രി അറിയിച്ചു

മിസൈൽ വീണത് പാക്കിസ്ഥാന്റെ പ്രദേശത്താണെന്ന് പിന്നീടാണ് അറിയുന്നത്. സംഭവം ഖേദകരമാണ്. പക്ഷേ നഷ്ടമൊന്നും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.

മാർച്ച് ഒൻപതിനായിരുന്നു പതിവ് അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ആകസ്മികമായി മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് ചെന്ന് പതിച്ചത്. പാകിസ്താൻ സൈന്യം ഇത് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞ് മാർച്ച് 11നാണ് ഇന്ത്യ ഇത് സ്ഥിരീകരിച്ചത്. സംഭവം സർക്കാർ ഗൗരവമായി കാണുകയും കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.