ഇന്ത്യൻ റെയിൽവേയിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിലക്ക്. നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 50 ശതമാനം മാത്രം നികത്തിയാൽ മതിയെന്നും ബാക്കി ഒഴിവുകൾ റദ്ദാക്കണമെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റ തീരുമാനം. ഇതുസംബന്ധിച്ച് റിക്രൂട്ടിങ് ചുമതലയുള്ള റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ അജയ് ഝാ വിവിധ സോണുകളിലെ ജനറൽ മാനേജർമാർക്ക് കത്തയച്ചു. റെയിൽവേയിലെ പ്രധാന തൊഴിലാളി സംഘടനകൾക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ റെയിൽവേയുടെ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് തിരിച്ചടിയാകുക. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട തസ്തികകളിൽ നിയമനം പതിവുപോലെ നടത്തും. മറ്റുള്ള തസ്തികകളിലാണ് നിയമനം റദ്ദാക്കിയിരിക്കുന്നത്. നിയമനനടപടികൾ ആരംഭിച്ച തസ്തികകളിലേതിലെങ്കിലും നിയമനം നടന്നിട്ടില്ലെങ്കിൽ അവയും റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഡി, എൻ.ടി.പി.സി. തസ്തികകളിൽ നേരത്തെ റിപ്പോർട്ട് ചെയ്ത ഒഴിവുകളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ലക്ഷ ക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷ നൽകി പരീക്ഷയ്ക്കായി തയ്യാറെടുത്തുവരുന്ന തസ്തികകളാണിത്.
കൊൽക്കത്ത കേന്ദ്രമായുള്ള സൗത്ത് ഈസ്റ്റേൺ സോണിൽ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങി. ആദ്ര, ചക്രദാർപുർ, ഖരഗ്പുർ, റാഞ്ചി എന്നീ സോണുകളിലും വിവിധ വർക്ഷോപ്, സ്റ്റോർ, സോണൽ ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലുമായി 3681 തസ്തികകളിൽ ഇവിടെ ഒഴിവുകളുണ്ട്. ഇതിൽ പകുതി, അതായത് ഏകദേശം 1840, തസ്തികകൾ റദ്ദാക്കും. കേരളമുൾപ്പെടുന്ന ചെന്നൈ സെൻട്രൽ അടക്കം 18 സോണുകളാണ് ഇന്ത്യൻ റെയിൽവേക്കുള്ളത്. ഓരോ സോണിലും ശരാശരി 2000 തസ്തികകളെങ്കിലും ഇല്ലാതാകുമെന്നാണ് കരുതുന്നത്. അതായത് ഒറ്റയടിക്ക് 36000 തസ്തികകളാണ് റദ്ദാക്കപ്പെടുക