വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി.
വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇതിലൂടെ 35,000 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും
വാഹനങ്ങൾ പൊളിക്കാൻ 70 കേന്ദ്രങ്ങൾ തുടങ്ങും. പതിവ് സ്‌ക്രാപ്പിംഗിലൂടെ ഏകദേശം 99 ശതമാനം പുനരുപയോഗത്തിന് ഉപയോഗിക്കാനാകും. ഇത് അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ നാൽപത് ശതമാനത്തോളം വില കുറയ്ക്കുമെന്നും പ്രദാനമന്ത്രി പറഞ്ഞു.
വാഹനങ്ങളുടെ വിൽപ്പന വർധിക്കുന്നതിലൂടെ മുപ്പതിനായിരം മുതൽ നാൽപതിനായിരം കോടി രൂപയുടെ വരെ ലാഭം സർക്കാരിന് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും പറഞ്ഞു.