കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ

 

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എ ആർ നഗർ ബാങ്കിലുണ്ടെന്നാണ് നിഗമനം

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണ് ഈ അക്കൗണ്ടുകളിലുള്ളത്. മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹമുണ്ടാക്കിയ അഴിമതി പണമാണിത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതാണ്.

ദേവി എന്ന അങ്കണവാടി ടീച്ചറിന്റെ പേരിൽ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇ ഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥാനായ ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാർ നിരവധി തവണ അങ്കണവാടി ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചു. സത്യം പുറത്തുവരുമ്പോൾ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജലീൽ ആരോപിച്ചു.