ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചു. ഷോപ്പിയാനിലെ ഫിരിപ്പോരിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി വധിച്ചത്. ഇതോടെ സൈനിക നടപടിയില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഷോപ്പിയാനില്‍ നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെ കൊല്ലപ്പെടുത്തിയിരുന്നു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സി ആര്‍ പിഎ ഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളും ലഷ്‌കര്‍ കമാന്‍ഡറുമായ മുക്താര്‍ ഷാ മാസങ്ങള്‍ക്കു മുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ പൂഞ്ചിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച് വൈശാഖ് അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ശക്തമായി തിരിച്ചടിച്ച സൈന്യം കഴിഞ്ഞ മുപ്പത് മണിക്കൂറിനുള്ളില്‍ അഞ്ച് ഏറ്റുമുട്ടലുകള്‍ നടത്തിയാണ് ലഷ്‌ക്കര്‍ കമാന്‍ഡര്‍ അടക്കമുള്ള അഞ്ച് ഭീകരരെ വധിച്ചത്.