എക്‌സ് പ്രസ് ട്രെയിനുകളില്‍ ഇനി നോൺ എ സി കോച്ചുകൾ ഇല്ല

ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മെയില്‍, എക്‌സ് പ്രസ് ട്രെയിനുകളില്‍ നോൺ എ സി കോച്ചുകൾ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ റയിൽവേ. പകരം എ.സി കോച്ചുകള്‍ ഉപയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം. 72 സീറ്റുകളുള്ള സ്ലീപ്പര്‍ കോച്ചുകള്‍ 83 സീറ്റുകളുള്ള എ.സി കോച്ചുകളാക്കി മാറ്റും. റെയില്‍വേയുടെ കപൂര്‍ത്തല ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ലീപ്പര്‍ കോച്ചുകള്‍ എ.സി കോച്ചുകളാക്കി രൂപമാറ്റം വരുത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

 

എന്നാൽ ടിക്കറ്റ് നിരക്ക് സ്ലീപ്പറിനേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും നിലവിലെ എ.സി നിരക്കിനേക്കാള്‍ കുറവായിരിക്കും. മെയില്‍, എക്‌സ് പ്രസ് ട്രെയിനുകളുടെ വേഗത 2023 ഓടെ 130 കിലോ മീറ്ററായും 2025ല്‍ 160 കിലോ മീറ്ററായും ഉയര്‍ത്താനാണ് പദ്ധതിയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് പറഞ്ഞു. എ.സി ഇതര കോച്ചുകളുമായി നിലവിലെ ട്രെയിനുകള്‍ക്ക് 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാവില്ല. മെയില്‍, എക്സ് പ്രസ് ട്രെയിനുകള്‍ 1,900 എണ്ണം രാജ്യത്താകെ സര്‍വീസ് നടത്തുന്നുണ്ട്. അതിനാല്‍ ഘട്ടംഘട്ടമായി ഇതു നടപ്പാക്കും.