രാഹുൽ ഗാന്ധിയുടേതിന് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റർ മരവിപ്പിച്ചു

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ട്വിറ്റർ താത്കാലികമായി മരവിപ്പിച്ചു. നേരത്തെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ദേശീയ വക്താവ് രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോർ, മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത് ദേവ് എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെയാണ് നടപടി

സമൂഹമാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാൽ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ടാൽ ഇന്ത്യക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിന് തടയിടാൻ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്ന്  എഐസിസി സെക്രട്ടറി ഇൻ ചാർജ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു.

സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയത്.