ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു.
ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.