ലഖിംപുർ ഖേരി കർഷക കൊലപാതകം; വിധി പറയാൻ മാറ്റി മജിസ്‌ട്രേറ്റ് കോടതി

 

ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കോടതി വിധി പറയാൻ മാറ്റി. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയാൻ മാറ്റിയത്. ആശിഷ് മിശ്രയെ കോടതിയിൽ ഹാജരാക്കിയത് വിഡിയോ കോൺഫറൻസിംഗ് വഴിയാണ്.

വിശദമായി ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ വാങ്ങി പീഡിപ്പിക്കാനുള്ള ശ്രമമെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകൻ കോടതിയിൽ മറുപടി നൽകി. ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം .

ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്.