സീറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ട്; സംസ്ഥാനത്ത് 18 ന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം

 

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായി കണ്ടെത്തല്‍. അഞ്ച് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരില്‍ ആന്റിബോഡി രൂപം കൊണ്ടിട്ടുണ്ട്. ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ 65.4 ശതമാനം പേരും പ്രതിരോധശേഷി ആര്‍ജിച്ചതായി കണ്ടെത്തി. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാക്‌സിനേഷന്‍ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഇതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. നിയമസഭയില്‍ യു ഡി എഫ് എം എല്‍ എമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സെപ്തംബറില്‍ നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചത്.

18 ഉം അതിന് മുകളില്‍ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക, ആശുപത്രികളിലെത്തുന്ന 18 നും 49 നും മധ്യേ പ്രായമുള്ള ഗര്‍ഭിണികളില്‍ കൊവിഡ് രോഗാണുബാധ കണ്ടെത്തുക, അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് രോഗബാധ കണ്ടെത്തുക, ആദിവാസി മേഖലയിലെ മുതിര്‍ന്നവരില്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തുക, തീരദേശ മേഖലയിലുള്ള മുതിര്‍ന്നയാളുകളില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്ന് അറിയുക, നഗര ചേരിപ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്ന് അറിയുക, പഠന വിധേയമാക്കിയവരില്‍ രോഗ വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുക, വാക്‌സിനേഷന്‍ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക, രോഗബാധിതരില്‍ എത്രപേരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട് എന്നും രോഗബാധിതരില്‍ എത്ര പേര്‍ക്ക് മരണം സംഭവിച്ചുവെന്നും കണ്ടെത്തുക എന്നീ
ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവകുപ്പ് സീറോ സര്‍വയലന്‍സ് സര്‍വേ നടത്തിയത്.

13,198 സാമ്പിളുകളാണ് വിശകലനം ചെയ്തത്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4,429 സാമ്പിളുകളില്‍ 3650 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 82.00 ആണ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആന്റിബോഡിയുടെ അളവ് ഉയര്‍ന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലുടെയോ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചേക്കാം.

കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കൊവിഡ് വാക്‌സിനേഷന്‍ കവറേജ് കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 18-49 വയസുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്ത 2,274 സാമ്പിളുകളില്‍ 1,487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 65.40 ശതമാനം ആണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോ പ്രിവലന്‍സ് താരതമ്യേന കുറവാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സ്വീകരിച്ചേക്കാവുന്ന കൂടുതല്‍ സംരക്ഷിത കൊവിഡ് ഉചിതമായ പെരുമാറ്റം, ഗര്‍ഭിണികളുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത്
മുതലായവയാണ് ഇതിനുള്ള കാരണങ്ങള്‍.

5-17 വയസുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1,459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 40.2 ആണ്. ഇത് 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്. 18 നും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളില്‍ താമസിക്കുന്നവരില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 17,706 സാമ്പിളുകളില്‍ 1,455 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 85.3 ശതമാനം ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സും 18 വയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോ പ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലെ ഉയര്‍ന്ന ജനസാന്ദ്രതയാണ് ഉയര്‍ന്ന തലത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നതെന്നാണ് അനുമാനം.