ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ സെറോ സര്‍വേ

 

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്താനൊരുങ്ങുന്നു. കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ സെറോ സര്‍വേ നടത്തുന്നത്. കൊവിഡ് ബാധ, വാക്‌സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സെറോ സര്‍വേ സംഘടിപ്പിക്കുന്നത് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളില്‍ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളില്‍ പ്രായം ഉള്ളവര്‍, 18ന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍, 5 – 17 വയസ് പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലാണ് പഠനം നടത്തുക.

നേരത്തെ ഐ.സി.എം.ആര്‍ നടത്തിയ സെറോ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.