ഡൽഹി: ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ നിരക്ക് കുറച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടു. നിരക്ക് കുറച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോടും ചോദിച്ചു.
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 1700 ല്‍ നിന്നും 500 ആക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും നിലപാട് തേടിയത്. അതേസമയം, ഇത്രയും കൂടുതല്‍ തുക പരിശോധനയ്ക്ക് ഈടാക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകൾക്ക് നാമമാത്രമായ ചെലവാണ് വരുന്നതെന്നിരിക്കെ നിരക്ക് വർധിപ്പിക്കണമെന്ന വാദം അനാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകൾക്ക് 500 രൂപയിൽ താഴെയാണ് നിരക്ക് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവിധ പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും, ദുരന്തനിവാരണ നിയമം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം ടെസ്റ്റുകളുടെ നിരക്ക് കുറക്കാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.