കേന്ദ്രത്തിന്റെ വാക്‌സിൻ നയം: ഞങ്ങൾക്ക് മൂകസാക്ഷിയാകാൻ കഴിയില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

 

കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. 18-44 വയസ്സിനിടയിൽ പ്രായമുള്ളവർ പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോൾ മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി

കേന്ദ്രബജറ്റിൽ നീക്കിവെച്ച 35,000 കോടി ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. വാക്‌സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഫയൽ നോട്ടിംഗ് അടക്കം എല്ലാ രേഖകളും ഹാജരാക്കാനാണ് നിർദേശം. 18-44 വയസ്സിനിടയിൽ പ്രായമുള്ളവർ പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്ന നയത്തെ അതിരൂക്ഷമായി വിമർശിക്കുകയു ംചെയ്തു

വാക്‌സിനേഷന് കേന്ദ്രബജറ്റിൽ നീക്കിവെച്ച 35,000 കോടി 44 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ ഉപയോഗിച്ചുകൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. വാക്‌സിൻ പണം നൽകി വാങ്ങിയാൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ലെന്ന കേന്ദ്രവാദം സത്യമാണോയെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.