ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 74,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 70,53,807 ആയി ഉയര്‍ന്നത്. ഇന്നലെ 918 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1.08 ലക്ഷമായി. രാജ്യത്ത് 60.77 ലക്ഷം ജനങ്ങള്‍ ഇതുവരെ രോഗമുക്തി നേടിയെന്നും നിലവില്‍ 8.67 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 10.78 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ 8.68 കോടി സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.
ഇന്നലെ പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് സംസ്ഥാനങ്ങളിലാണ്. അതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണ്. 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തി. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കും കര്‍ണാടകയില്‍ 10,517 പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.