ഇന്ന് നീ എന്റെ വീട് പൊളിച്ചു, നാളെ നിന്റെ ധാർഷ്ട്യം തകർക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

മുംബൈയിലെ തന്റെ ഓഫീസ് മുംബൈ കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച് നടി കങ്കണ റണാവത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് കങ്കണയുടെ വെല്ലുവിളി. മഹാരാഷ്ട്ര സർക്കാർ സിനിമാ മാഫിയയുമായി ചേർ്‌ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് കങ്കണ ആരോപിച്ചു

ഫിലിം മാഫിയക്കൊപ്പം ചേർന്ന് എന്റെ വീട് പൊളിച്ചുനീക്കി പ്രതികാരം ചെയ്തുവെന്നാണോ ഉദ്ദവ് താക്കറെ കരുതിയത്. ഇന്ന് നീ എന്റെ വീട് പൊളിച്ചു. നാളെ നിങ്ങളുടെ ധാർഷ്ട്യവും ഇതുപോലെ തകരുമെന്നും കങ്കണ പറഞ്ഞു. വീഡിയോയിൽ ഉടനീളം മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കങ്കണ നീ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെ തുടർന്ന് കങ്കണ നടത്തിയ ചില ആരോപണങ്ങളാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള തുറന്ന പോരിലേക്ക് എത്തിച്ചത്. മുംബൈ പാക് അധീന കാശ്മീരിനെ പോലെയാണെന്നും കങ്കണ പറഞ്ഞു. ഇതിന് പിന്നാലെയാണ് കങ്കണയുടെ ഓഫീസ് കെട്ടിടം ബിഎംസി അധികൃർ പൊളിച്ചത്. കെട്ടിടം പൊളിക്കലിനെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു