കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ചർച്ചക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം അടിയന്തരമായി കർഷക സംഘടനാ നേതാക്കളെ അമിത് ഷാ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു
നിർണായക തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കർഷകർ ഇന്ന് രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുകയാണ്. റെയിൽ ഗതാഗതം വരെ ഭാരത് ബന്ദിൽ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷാ ചർച്ചക്ക് ഒരുങ്ങിയത്.
അമിത് ഷാ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഏഴ് മണിക്കാണ് ചർച്ചയെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ദേശീയ പാതയിൽ പ്രതിഷേധിക്കുന്ന കർഷക നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ അഞ്ച് തവണ കേന്ദ്രസർക്കാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആറാംവട്ട ചർച്ച ഡിസംബർ 9ന് തീരുമാനിച്ചത്.