500, 2000 രൂപ നോട്ടുകളിൽ നിന്നും ​ഗാന്ധിജിയുടെ ചിത്രം മാറ്റണം; മോദിക്ക് കത്തയച്ച് കോൺ​ഗ്രസ് എം.എൽഎ

 

രാജ്യത്തെ 500, 2000 രൂപ നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജസ്ഥാനിലെ കോൺ​ഗ്രസ് എം.എൽ.എ ഭരത് സിം​ഗ് കുന്ദർപുർ ആണ് പ്രധാനമന്ത്രിക്ക് വിചിത്രമായ കത്ത് അയച്ചത്.

500, 2000 രൂപ നോട്ടുകളിൾ അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇതിനാൽ ​ഗാന്ധിജിയുടെ ചിത്രം ഇതിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഭരത് സിം​ഗ് ആവശ്യപ്പെടുന്നത്. 5, 10, 20, 50, 100, 200 ​ഗാന്ധിയുടെ ചിത്രം ഉപയോ​ഗിക്കാമെന്നും പാവപ്പെട്ടവരാണ് ഇവ കൂടുതലായും ഉപയോ​ഗിക്കുന്നതെന്നും എം.എൽ.എ പറയുന്നു.

ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ അശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്.രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യത്ത് എല്ലായിടത്തും അഴിമതി വ്യാപിച്ചു. ഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. അതിനാൽ ഗാന്ധിയുടെ ചിത്രം ഉയർന്ന മൂല്യമുള്ള നോട്ടുകളിൽനിന്നു നീക്കണമെന്നും എം.എൽ.എ കൂട്ടിചേർത്തു.

2019 ജനുവരി മുതൽ 2020 ഡിസംബർ 31 വരെ 616 അഴിമതി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 2 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എംഎൽഎ ഭരത് സിം​ഗ് കുന്ദർപുർ ചൂണ്ടിക്കാട്ടി.