നാഗാലാൻഡിലെ മൊൺ ജില്ലയിൽ ഗ്രാമീണരെ വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തിൽ ഖേദപ്രകടനം നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളാണെനന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണ്. സൈന്യം വെടിയുതിർക്കാൻ നിർബന്ധിതരായതാണെന്നും അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകി
തീവ്രവാദികളുടെ നീക്കം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമാൻഡോകൾ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഒരു വാഹനം ഇതിനിടെയെത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ടുപോയി. തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറ് പേർ മരിച്ചു. പരുക്കേറ്റവരെ സൈന്യം തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
സംഭവത്തിന് പിന്നാലെ ഗ്രാമീണർ സൈനിക കേന്ദ്രം വളയുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണം നടന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്വയംരക്ഷക്കും വേണ്ടി സുരക്ഷാ സേനക്ക് വീണ്ടും വെടിയുതിർക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.